
പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള കോൺഗ്രസ് എം നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം പിണറായി വിജയനാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചായിരുന്നു മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണമെന്നും അതാണ് ജനവിധിയിൽ തിരിച്ചടിയായതെന്നും നേതാക്കൾ വിലയിരുത്തി. നിലവിലെ നേതൃത്വശൈലി തുടർന്നാൽ പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് ഉണ്ടായ തകർച്ചക്ക് സമാനമായ തിരിച്ചടി കേരളത്തിലും ആവർത്തിക്കാമെന്ന മുന്നറിയിപ്പും യോഗത്തിൽ ഉയർന്നു.
ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയുമാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നായിരുന്നു വിമർശനം. ഇതിന്റെ പശ്ചാത്തലത്തിൽ, ഇനി മുന്നണിയുടെ മുഖമായി പിണറായി വിജയൻ തുടരരുതെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു. അടിയന്തരമായ രാഷ്ട്രീയ തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയും അവർ പങ്കുവച്ചു.
അതേസമയം, സിപിഎം പ്രവർത്തകരിൽ നിന്നുണ്ടായ വ്യാപക ക്രോസ് വോട്ടിംഗാണ് കേരള കോൺഗ്രസ് (എം) കൈവശംവെച്ചിരുന്ന സിറ്റിങ് സീറ്റുകളിലെ തോൽവിക്ക് കാരണമായതെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. എൽഡിഎഫിൽ ചേർന്നതിന് ശേഷം ആദ്യമായാണ് കേരള കോൺഗ്രസ് എം പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്നത്.










